3 യതികളുള്ള ഒരു പാദത്തിൽ മുമ്മൂന്നുവട്ടം വ്യഞ്ജനം ആവർത്തിക്കപ്പെടുന്നത് എന്ന് ഭാഷാഭൂഷണം അടിസ്ഥാനമാക്കിപ്പറയാം. ഉദാഹരണമായി മത്തേഭത്തിലെഴുതിയ ഒരു ശ്ലോകവും കൊടുത്തിരിക്കുന്നു.  പകരം കാളിദാസൻ്റെ ഒരു ശ്ലോകം ഞാനും ഉദ്ദരിക്കട്ടെ.

വന്ദാരുലോകവരസന്ദായിനീവിമലകുന്ദാവദാതരദനാ

വൃന്ദാരവൃന്ദമണിവൃന്ദാരവിന്ദമകരന്ദാഭിഷിക്തചരണാ

മന്ദാനിലാകലിതമന്ദാരദാമഭ്യമന്ദാഭിരാമമകുടാ

മന്ദാകിനീജവനബിന്ദാനവാചമരവിന്ദാസനാദിശതുമേ


ശ്ലോകാർത്ഥം : മാലിന്യമില്ലാത്ത - മുല്ലയുടെ വെളുപ്പാർന്ന - ദന്തനിരയോടുകൂടിയവൾ സ്തുതിക്കുന്ന ജനത്തിനു് വരം പ്രദാനം ചെയ്യുന്നവൾ ദേവ സമൂഹത്തിന്റെ മുത്ത്‌/പവിഴം കോർത്ത മനോഹരമായ / ഉത്തമമായ കിരീടത്തിലെ താമരയിലെ തേനിനാൽ അഭിഷേകം ചെയ്യപ്പെട്ട പാദങ്ങളോടുകൂടിയവൾ (ദേവന്മാർ തങ്ങളുടെ കിരീടത്തിൽ നറുപൂക്കളും ചൂടുമെത്രെ, അങ്ങനെ അവർ വന്ന് ദേവിയെ നമസ്കരിക്കുമ്പോൾ കിരീടം കാൽക്കലിലേയ്ക്ക് അടുക്കും, അതിൽ ചൂടിയ നറുപൂക്കളിലെ തേൻ ഇറ്റി കാലിലേയ്ക്ക് അഭിഷേകം പോലെ വീഴും)  മന്ദമാരുതനാൽബന്ധിച്ച മന്ദാരമാല വീണ്ടും വീണ്ടും തിളങ്ങുന്ന/ പ്രകാശിക്കുന്ന ഭംഗിയുള്ളകിരീടത്തോടുകൂടിയവൾ. അങ്ങനെയുള്ള അരവിന്ദത്തിൽ ആസനസ്ഥയായുള്ളവൾ എനിക്ക് മന്ദാകിനിയുടെ വേഗത്തെപ്പിളർക്കുന്ന/തോൽപ്പിക്കുന്ന വാക്ധോരണി തന്നാലും.


ഇവിടെ ന്ദ എന്ന ശബ്ദത്തിൻ്റെ ആവർത്തനം നോക്കുക.  ഓരോവരിയിലും 2, 9, 16 എന്നീസ്ഥാനങ്ങളിൽ അത് കൃത്യമായി ആവർത്തിക്കുന്നതായി കാണാം. രണ്ടാമത്തെ വരിയിൽ അഞ്ചാമത്തെ അക്ഷരമായിട്ടും വരുന്നുണ്ടെങ്കിലും അത് കണക്കിലെടുക്കേണ്ടതില്ല.

ദ്വാദശപ്രാസത്തിനു് യതി ശരിക്കും നിർബന്ധമാണോ? അല്ലെന്നാണ് എനിക്കുതോന്നിയിട്ടുള്ളത്.  എല്ലാവൃത്തങ്ങൾക്കും ഒരുസ്വാഭാവിക ഈണമുണ്ടാകും, ആ ഈണത്തിൽ ചൊല്ലിവരുമ്പോൾ ചിലപ്രത്യേകസ്ഥാനങ്ങളിൽ ഒരു ഊന്നൽ വരാം.  ആ സ്ഥാനം പ്രാസത്തിനെടുത്താലും ദ്വാദശപ്രാസം കൊണ്ടുവരാനാകും. വരിയിലുടനീളം ഗണക്രമം സന്തുലിതമായിരിക്കുന്ന വൃത്തങ്ങൾ എന്നുപറയുന്നതാകും കൂടുതൽ ശരി. സന്തുലിതാവസ്ഥയും നിർബന്ധമോ, വേണമെന്നില്ല ആ വൃത്തത്തിൻ്റെ സ്വാഭാവികമായ ഈണത്തിൽ എവിടെയെല്ലാം ഒരു ഊന്നൽ വരുന്നുണ്ടോ ആ സ്ഥാനങ്ങൾ എന്നും പറയാം.

അതായത് 4 വരി X കൃത്യമായസ്ഥാനത്തു് 3 വട്ടം =  12.  ഇതാണ് ദ്വാദശപ്രാസമെന്നും, ദ്വാദശാക്ഷരപ്രാസമെന്നും അറിയപ്പെടുന്നത്.

ചുരുക്കിപ്പറഞ്ഞാൽ

പൊതുവായ മറ്റുവിവരണം

വ്യഞ്ജനങ്ങളുടെ ആവർത്തനമാണ് പ്രാസം, അതായത് അക്ഷരമാലയിലെ ക മുതൽ തുടർന്നങ്ങോട്ടുള്ള ഏത് അക്ഷരത്തിൻ്റേയും ആവർത്തനം. ക എന്ന അക്ഷരം സത്യത്തിൽ ക് + അ ആണു്. തെന്നിന്ത്യയിൽ അക്ഷരമാല അഭ്യസിപ്പിക്കുന്നതു് ക ച ട ത പ എന്നൊക്കെയാണു്, പക്ഷെ വടക്കോട്ടുപോയാൽ അവർ പഠിപ്പിക്കുക ക്, ച്, ട്, ത്, പ് എന്നൊക്കെയാണു്. കഖഗഘങയൊന്നും അവിടെയില്ല, ക്, ഖ്, ഗ്, ഘ്, ങ് മാത്രമേയുള്ളൂ. അതിനോടുകൂടി ഏതുസ്വരം ചേരുന്നുവോ അതുകൂടി ചേർത്ത് അവ ഉച്ചരിക്കുകയാണു് അവർ ചെയ്യുന്നതു്. വ്യഞ്ജനത്തോടുകൂടി എപ്പോഴും അ എന്ന സ്വരം ചേർത്ത് പറഞ്ഞുപഠിക്കുന്ന രീതി ദ്രാവിഡഭാഷകളിൽ മാത്രമാകും. അതുകൊണ്ടു് നമ്മുടെ ഉദാഹരണത്തിൽ ക് എന്ന വ്യഞ്ജനത്തിനുള്ളതാണു് പ്രാസം, അവ വാക്കുകളാക്കുമ്പോൾ വേണ്ടവിധത്തിൽ മറ്റു സ്വരക്ഷരങ്ങളും ചേർത്ത്  ക കാ കി കീ കു കൂ എന്ന രീതിയിൽ മാറ്റിയെടുക്കാവുന്നതാണു് (സ്വരഭേദം വരുത്തുക). വ്യഞ്ജനത്തിനാണു പ്രാസം, അതോടൊപ്പം ചേർന്നിരിക്കുന്ന സ്വരാക്ഷരങ്ങൾക്കു പ്രാസം കണക്കാക്കേണ്ടതില്ല. 

എന്നിരുന്നാലും ഒറ്റവ്യഞ്ജനം പ്രാസത്തിനെടുക്കുമ്പോൾ സ്വരഭേദം വരുത്താതെ പ്രാസം കൊണ്ടുവരാൻ പരമാവധി ശ്രമിക്കുന്ന ഒരാളാണു ഞാൻ,  ആ അക്ഷരം അങ്ങനെ മാറാതെ നിൽക്കുന്നതു വായിക്കാനൊരു രസം, അത്രയേയുള്ളൂ.

ദ്വാദശപ്രാസത്തിൽ എഴുതിയിട്ടുള്ള കവിതകൾ അത് എഴുതിയ വൃത്തത്തിൻ്റെ പേരുസഹിതം  താഴെക്കൊടുക്കുന്നു.