ഗുരുനീട്ടലാണെന്നും ലഘുകുറുക്കിയുച്ചരിക്കലാണെന്നും നിങ്ങൾക്കറിയാം. ഈ ഗുരുവും ലഘുവുമൊക്കെ 8 വിധത്തിൽ സാധ്യമായരീതിയിൽ 3 എണ്ണം വീതം ചേർത്ത് കൂട്ടിയോജിപ്പിച്ചുവെച്ചിരിക്കുന്നുവെന്നും നിങ്ങൾക്കറിയാം.  ഈ 8 വിധം ഗണങ്ങളെ യുക്തമായവിധം യോജിപ്പിച്ച് തയ്യാറാക്കിയിരിക്കുന്ന വൃത്തങ്ങളൊക്കെ ചൊല്ലുമ്പോൾ സാധാരണഗതിയിൽ ഗുരുവരുന്നഭാഗം സ്വല്പം നീട്ടിയും ലഘുവരുന്നഭാഗം അല്പം താഴ്ത്തിയുമായിരിക്കും നിങ്ങൾ ചൊല്ലിയിട്ടുമുണ്ടാകുക.

ഓരോവൃത്തത്തിലേയും ഓരോ വരിയും തരംഗാകൃതിയിൽ നിമ്മ്നോന്നതങ്ങളായും ഒരു തരംഗത്തിൻ്റെതന്നെ ആവൃത്തിയായും കണ്ടുനോക്കിയിട്ടുണ്ടോ? തരംഗലേഖ (Graph) എന്നൊരു സങ്കേതം വൃത്തവിശദീകരണത്തിനു് മുമ്പാരും ഉപയോഗിച്ചു കണ്ടിട്ടില്ല. പക്ഷെ എൻ്റെ ദൃഷ്ടിയിൽ അതൊരു ഉത്തമസങ്കേതമാണു്.  വൃത്തമഞ്ജരിയിലെ മുഴുവൻ വൃത്തങ്ങളെയും പുനരവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല, എങ്കിലും ഏതാനും വൃത്തങ്ങളെ കാണിച്ച് എൻ്റെ വീക്ഷണകോണിലൂടെ അവതരിപ്പിക്കാം.

ശംഭുനടനത്തിൻ്റെ പോക്കുകണ്ടോ? ഒരേ തരംഗം ആവർത്തിച്ചു വരുന്നതുകാണാം.

വൃത്തങ്ങൾ തമ്മിലുള്ള പരസ്പരബന്ധം തരംഗാകൃതിയിൽ കാണിക്കുവാനാണ് ഇനി ഞാൻ ശ്രമിക്കുന്നത്. സന്തുലിതഗണക്രമമുള്ള കുസുമമഞ്ജരി അടിസ്ഥാനമാക്കി വിവരണം തുടങ്ങാം.  ഒരുവൃത്തത്തിൻ്റെ ലക്ഷണം അതേവൃത്തത്തിലായിരിക്കും എഴുതിയിട്ടുണ്ടാകുക എന്ന് നിങ്ങൾക്കറിയാമല്ലോ, അതുകൊണ്ട് ലക്ഷണം തന്നെയാണ് തരംഗത്തിനാസ്പദമായും എടുത്തിരിക്കുന്നത്.  ലക്ഷണം വായിക്കുമ്പോൾ മനസ്സിൽവരാഞ്ഞ പരസ്പരബന്ധം തരംഗചിത്രങ്ങൾ കൂടുതൽ വ്യക്തമാക്കുമെന്നു കരുതട്ടെ.

കുസുമമഞ്ജരി

ഉയർന്നുതാണുവരുന്ന ഗണക്രമം കൃത്യമായി ആവർത്തിക്കുന്നതു നോക്കൂ

കുസുമമഞ്ജരിയുടെ തുടക്കത്തിൽ 2 ലഘുക്കൾ ചേർത്ത് അതിനുപകരമായി  അവസാനഭാഗത്തെ 2 അക്ഷരങ്ങൾ കുറച്ചാൽ തടിനിയായി.

തടിനി

ആദ്യത്തെതരംഗമൊഴികെ പിന്നെയുള്ള ഭാഗമത്രയും കുസുമമഞ്ജരി തന്നേയെന്നുകാണാം

കുസുമമഞ്ജരിയിൽ ഓരോ ര ഗണത്തിനും ഇടയ്ക്ക് ഒരു ന ഗണം 3 തവണയായി  വരുന്നുണ്ട്.  ഈ ന ഗണങ്ങളിൽ  നിന്നും ഒരുലഘു വീതം മൊത്തം 3  എണ്ണം കുറച്ചാൽ  21 അക്ഷരങ്ങളുള്ള കുസുമമഞ്ജരി 18  അക്ഷരങ്ങളിലേക്ക് ചുരുങ്ങും. ഇതാണ് മല്ലിക. 

മല്ലിക

തരംഗത്തിൻ്റെ താഴ്ഭാഗത്തിൻ്റെ നീളം മാത്രം ചുരുങ്ങിയിരിക്കുന്നുവെന്നു കാണാം

മല്ലികയുടെ ആദ്യാക്ഷരം എടുത്തുമാറ്റി പകരം അവിടെ രണ്ടു ലഘുക്കൾ വെയ്ക്കുകയാണെങ്കിൽ ഭ്രമരാവലി ആയി.

ഭ്രമരാവലി

ഉയർന്നുനിൽക്കുന്ന തുടക്കം താഴ്ത്തിവെച്ചിരിക്കുന്നതൊഴിച്ചാൽ ഇവതമ്മിൽ മറ്റുവ്യത്യാസങ്ങളില്ലെന്നു കാണാം

കുസുമമഞ്ജരിയെ പകുതിക്കുവെച്ചു മുറിച്ചാൽ രഥോദ്ധതയായി

രഥോദ്ധത

ഏതുവരിയും ഗുരുവിലവസാനിക്കുന്നതാണല്ലോ ഭംഗി, അതിനുവേണ്ടി അവസാനഭാഗത്ത് ഒരു ഗുരു ചേർത്ത് കുസുമമഞ്ജരിയെ പകുതിയായി മുറിച്ചുവെച്ചതാണ്

രഥോദ്ധതയുടെ തുടക്കത്തിൽ 2 ലഘുക്കൾ ചേർത്തുകൊടുത്താൽ മഞ്ജുഭാഷിണിയായി

മഞ്ജുഭാഷിണി

2 അക്ഷരങ്ങൾവെച്ചു താണുതുടങ്ങിയതൊഴിച്ചാൽ രണ്ടും സമാസമം

സ്വാഗതയ്ക്കും രഥോദ്ധതയ്ക്കുമൊക്കെ ആദ്യ 11 അക്ഷരങ്ങൾ ഒരുപോലെ തന്നെ.  

സ്വാഗത

പന്ത്രണ്ടാമത്തെ അക്ഷരം ലഘുവാക്കി അവസാനം 2 ഗുരു ചേർന്നാൽ സ്വാഗതയായി

അതിധൃതി (19) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ് അമലതരം. ഇതിന് രസരംഗവുമായി ഒരു സാമ്യമുണ്ട്.  മൊത്തം 19 അക്ഷരങ്ങളുള്ളതിൽ ആകെ 3 അക്ഷരങ്ങളെ ഗുരു ആയിട്ടുള്ളൂ, ബാക്കിയെല്ലാം ലഘുക്കളാണ്. 

അമലതരം

7, 12, 19  എന്നീ സ്ഥാനങ്ങളിൽ മാത്രമാണ് ഗുരു വരുന്നത്.

അമലതരവും രസരംഗവുമായി ഒരു സാമ്യമുണ്ട്. രസരംഗത്തിലെ ആറാമത്തെയും, പന്ത്രണ്ടാമത്തെയും പതിനഞ്ചാമത്തെയും   ഗുരുക്കളെ  ഈരണ്ടു  ലഘുക്കളാക്കി മാറ്റിയാൽ അമലതരമായി.  സ്വാഭാവികമായും വരിയുടെ നീളം 16ൽ നിന്നും 19 ആയി മാറും,

രസരംഗം

രസരംഗം ആണെങ്കിൽ മൊത്തം 16 അക്ഷരങ്ങൾ, അതിൽ ഗുരു വരുന്നത് 5, 6,11, 12, 15, 16 എന്നീ സ്ഥാനങ്ങളിൽ മാത്രം. 

സാരസകലിക

അതിശക്വരി  (15) എന്ന ഛന്ദസ്സിൽ പെട്ട ഒരു സമവൃത്തമാണ്, ഇതേപോലത്തെ മറ്റൊരു വൃത്തം താഴെക്കാണാം

സകലകലം

പത്താമത്തെ അക്ഷരം ഗുരുവാക്കിമാറ്റിയാൽ സാരസകലിക സകലകലമായി

ഭുജംഗപ്രയാതം

സർപ്പം പോകുന്നപോക്കു കണ്ടോ?

മദനാർത്ത

ഒരോ ലഘുവീതം അധികം ചേർത്ത് നീളം കൂട്ടിയാൽ ഭുജംഗപ്രയാതം മദനാർത്തയായി

സാരവതി

ഒരു ഗുരു 2 ലഘു എന്നകണക്കിൽ ഭുജംഗപ്രയാതം തിരിച്ചിട്ടാൽ സാരവതിയായി

അശ്വഗതി

അത് 16 അക്ഷരങ്ങളിലേയ്ക്ക് നീട്ടിയാൽ അശ്വഗതിയുമായി

മദിര

അതിനെ 22 അക്ഷരങ്ങളിലേയ്ക്ക് നീട്ടിയാൽ മദിരയുമായി

അതേപോലെ ശിഖരിണിയും മകരന്ദികയും സാമ്യമുള്ള വൃത്തങ്ങളാണ്. രണ്ടിനും 6 അക്ഷരങ്ങൾക്ക് ശേഷം യതി ഉണ്ട്. ആദ്യത്തെ 12 അക്ഷരങ്ങൾ രണ്ടു വൃത്തങ്ങൾക്കും ഒരു പോലെ തന്നെ. 

ശിഖരിണി

ശിഖരിണി ഒരു യതിയെ ഉള്ളൂ. 12നു ശേഷം ശിഖരിണിയ്ക്ക് 5 അക്ഷരങ്ങളെ തുടർന്ന് വരുന്നുള്ളൂ.

മകരന്ദിക

12 കഴിഞ്ഞാൽ വീണ്ടും യതിയുണ്ട്. തുടർന്ന് 7  അക്ഷരങ്ങൾ വേണം . അധികം വേണ്ട 2 അക്ഷരങ്ങളിൽ ഒരു ലഘു തുടക്കത്തിലും ഒരു ഗുരു 3 അക്ഷരങ്ങൾക്ക് ശേഷവും ചേർത്താൽ മകരന്ദിക ആയി. 

ചെമ്പകമാല

കൃത്യം 5 അക്ഷരങ്ങളിൽ ഓരോവരിയും രണ്ടായി മുറിയുന്നു.  പൂർവ്വഭാഗവും ഉത്തരഭാഗവും ഒരുപോലെതന്നെയുമിരിക്കുന്നു

മൗക്തികമാല

ചെമ്പകമാലയുടെ ആറാമത്തെ അക്ഷരം ഗുരു മാറ്റി പകരം 2 ലഘുക്കളാക്കിയാൽ മൗക്തികമാലയായി