ഷോഡശപ്രാസം (16) വരെയുള്ള പ്രാസങ്ങളെ ഭാഷാഭൂഷണം പറയുന്നുള്ളൂവെങ്കിലും ഗണിതയുക്തിയിൽ ചിന്തിച്ചാൽ നമുക്ക് 20 അക്ഷരങ്ങളുടെ ഒരു വിംശതിപ്രാസം കൂടി കൊണ്ടുവരാനാകും. സന്തുലിതമായ ഗണക്രമമുള്ള വൃത്തമെന്നനിലയ്ക്കു് കുസുമമഞ്ജരിയെത്തന്നെ നമുക്കു് ആശ്രയിക്കാം.

  • അതായത് 4 വരി X കൃത്യമായസ്ഥാനത്തു് 5 വട്ടം = 20. ഇതാണു് വിംശതിപ്രാസമായി ഇവിടെ അവതരിപ്പിക്കുന്നതു്. എന്തുകൊണ്ട് കൃത്യമായസ്ഥാനം? വൃത്യാനുപ്രാസത്തിൽനിന്നും അത് വേർതിരിച്ചറിയാൻ.

  • പ്രാസത്തിനെടുക്കുന്ന സ്ഥാനം ആദ്യാക്ഷരമോ അന്ത്യാക്ഷരമോ ആകരുത്. അങ്ങനെചെയ്താൽ അത് ആദ്യാക്ഷരപ്രാസമോ അന്ത്യാക്ഷരപ്രാസമോ ആകും.

പൊതുവായ മറ്റുവിവരണം

വ്യഞ്ജനങ്ങളുടെ ആവർത്തനമാണ് പ്രാസം, അതായത് അക്ഷരമാലയിലെ ക മുതൽ തുടർന്നങ്ങോട്ടുള്ള ഏത് അക്ഷരത്തിൻ്റേയും ആവർത്തനം. ക എന്ന അക്ഷരം സത്യത്തിൽ ക് + അ ആണു്. തെന്നിന്ത്യയിൽ അക്ഷരമാല അഭ്യസിപ്പിക്കുന്നതു് ക ച ട ത പ എന്നൊക്കെയാണു്, പക്ഷെ വടക്കോട്ടുപോയാൽ അവർ പഠിപ്പിക്കുക ക്, ച്, ട്, ത്, പ് എന്നൊക്കെയാണു്. കഖഗഘങയൊന്നും അവിടെയില്ല, ക്, ഖ്, ഗ്, ഘ്, ങ് മാത്രമേയുള്ളൂ. അതിനോടുകൂടി ഏതുസ്വരം ചേരുന്നുവോ അതുകൂടി ചേർത്ത് അവ ഉച്ചരിക്കുകയാണു് അവർ ചെയ്യുന്നതു്. വ്യഞ്ജനത്തോടുകൂടി എപ്പോഴും അ എന്ന സ്വരം ചേർത്ത് പറഞ്ഞുപഠിക്കുന്ന രീതി ദ്രാവിഡഭാഷകളിൽ മാത്രമാകും. അതുകൊണ്ടു് നമ്മുടെ ഉദാഹരണത്തിൽ ക് എന്ന വ്യഞ്ജനത്തിനുള്ളതാണു് പ്രാസം, അവ വാക്കുകളാക്കുമ്പോൾ വേണ്ടവിധത്തിൽ മറ്റു സ്വരക്ഷരങ്ങളും ചേർത്ത് ക കാ കി കീ കു കൂ എന്ന രീതിയിൽ മാറ്റിയെടുക്കാവുന്നതാണു് (സ്വരഭേദം വരുത്തുക). വ്യഞ്ജനത്തിനാണു പ്രാസം, അതോടൊപ്പം ചേർന്നിരിക്കുന്ന സ്വരാക്ഷരങ്ങൾക്കു പ്രാസം കണക്കാക്കേണ്ടതില്ല.

എന്നിരുന്നാലും ഒറ്റവ്യഞ്ജനം പ്രാസത്തിനെടുക്കുമ്പോൾ സ്വരഭേദം വരുത്താതെ പ്രാസം കൊണ്ടുവരാൻ പരമാവധി ശ്രമിക്കുന്ന ഒരാളാണു ഞാൻ, ആ അക്ഷരം അങ്ങനെ മാറാതെ നിൽക്കുന്നതു വായിക്കാനൊരു രസം, അത്രയേയുള്ളൂ.

വിംശതിപ്രാസത്തിൽ എഴുതിയിട്ടുള്ളകവിത വൃത്തത്തിൻ്റെ പേരുസഹിതം താഴെക്കൊടുക്കുന്നു.