അക്ഷരക്കൂട്ടമൊന്നായി-

ട്ടർത്ഥം ഭേദിച്ചിടും പടി

ആവർത്തിച്ചു കഥിച്ചീടിൽ

യമകം പലമാതിരി

നിർവചനം നോക്കിയാൽത്തന്നെ മനസ്സിലാകും യമകം പലവിധത്തിലാകാമെന്നു്.  കവിയുടെ യുക്തിക്കും കഴിവിനും അനുസരിച്ച് അക്ഷരക്കൂട്ടങ്ങളെ വ്യത്യസ്ത അർത്ഥങ്ങളിൽ എങ്ങനെയെല്ലാം  എത്രയെല്ലാം ആവർത്തിക്കാനാകുമോ അതൊക്കെ യമകമാണൂ്.  

അപ്പോൾ ആദ്യത്തെനിബന്ധന ‘അക്ഷരക്കൂട്ടത്തിൻ്റെ‘ ആവർത്തനമാണു്, അതും അർത്ഥവ്യത്യാസത്തോടെ.  ആവർത്തനം എത്രതവണ വേണമെങ്കിലുമാകാം, ചുരുങ്ങിയത് രണ്ടു വട്ടമെങ്കിലും.

ആവർത്തിക്കേണ്ടത് അക്ഷരമല്ല, ഒന്നിലധികം അക്ഷരങ്ങൾ. ഒരു അക്ഷരം (വ്യഞ്ജനം) ആവർത്തിക്കുന്നത് പ്രാസമെങ്കിൽ രണ്ടോ രണ്ടിലധികം അക്ഷരങ്ങൾ ചേർന്ന വാക്കോ വാക്കുപോലെ തോന്നിപ്പിക്കുന്ന അക്ഷരക്കൂട്ടമോ ആണെങ്കിൽ അത് യമകം

ഭരതമുനി അദ്ദേഹത്തിൻ്റെ നാട്യശാസ്ത്രത്തിന്നായിക്കൊണ്ടു് യമകത്തെ പത്തായി ക്രോഡീകരിച്ചിരിക്കുന്നു.  

1. പാദാന്തയമകം - 4 വരികളുടെയും അവസാനഭാഗത്ത് ഒരുപോലെ രണ്ടോ അതിലധികമോ അക്ഷരങ്ങൾ വെവ്വേറെ അർത്ഥങ്ങളിൽ ആവർത്തിക്കുന്നത് പാദാന്തയമകം

2. കാഞ്ചീയമകം - ഓരോ വരികളിലിലും തുടക്കത്തിൽ ഒരു വാക്കും ഒടുക്കം വേറൊരു വാക്കും രണ്ടുവട്ടം വീതം ആവർത്തിക്കുന്ന രീതി. ഇങ്ങനെ 4 വരികളിലും ആവർത്തനം വേണം.  അതായത് മൊത്തം 8 വാക്കുകൾ, അവ ഈരണ്ടുവീതം ഓരോ വരികളിലും തുടക്കത്തിൽ രണ്ടുവട്ടവും ഒടുക്കം വീണ്ടും രണ്ടുവട്ടവും ആവർത്തിക്കുന്നു, അദ്ദേഹത്തിൻ്റെ തന്നെ ഉദാഹരണം ശ്രദ്ധിക്കുക. 

യാമം യാമം ചന്ദ്രവതീനാം ദ്രവതിനാം 

വ്യക്താ(/വ്യക്താ സാരജനീനാം രജനീനാം 

ഫുല്ലേഫുല്ലേ സഭുമരേ വാഭ്രരേ വാ 

രാമാ രാമാ വിസ്മയതേ ച സ്മയതേ ച

3. സമുദ്ഗയമകം  -  ഒരു വരി തന്നെ മറ്റൊരു അർത്ഥത്തിൽ ആവർത്തിക്കുന്ന രീതി. സമുദ്ഗം എന്നാൽ മുകൾഭാഗത്തെ അടപ്പും താഴ്ഭാഗവും ഒരുപോലെയുള്ള പാത്രം/പെട്ടകം. ഒന്നാം വരിയും നാലാം വരിയും ഒരുപോലെ ആവർത്തിക്കുകയും അവ യഥാക്രമം രണ്ടും മൂന്നും വരികളോടുചേരുമ്പോൾ വെവ്വേറെ അർത്ഥങ്ങളിൽ ആകുകയും ചെയ്യുന്ന രീതി.  

4. വിക്രാന്തയമകം -  ഇത് നമ്മളെ പഠിപ്പിക്കുന്നത് ലാടാനുപ്രാസം എന്ന പേരിലാണു്. ഇത് സമുദ്ഗയമകം പോലെ തന്നെ, പക്ഷെ ഒരേപോലെ ആവർത്തിക്കുന്നത് രണ്ടും നാലും വരികളോ ഒന്നും മൂന്നും വരികളോ ആകുമെന്നുമാത്രം.  

5. ചക്രവാളയമകം - ഒന്നാം വരിയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ വെച്ച് രണ്ടാം വരിയും രണ്ടാം വരിയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ കൊണ്ടു് മൂന്നാം വരിയും മൂന്നാം വരിയിലെ അവസാനത്തെ രണ്ടക്ഷരങ്ങൾ കൊണ്ടു് നാലാം വരിയും തുടങ്ങുന്നു.  ഒരു ചാക്രികമായ നിരന്തരാവർത്തനം കൊണ്ടു വരുന്നതിനുവേണ്ടി നാലാം വരിയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ തന്നെയാണു് ഒന്നാം വരിയുടെ ആദ്യത്തെ രണ്ടക്ഷരങ്ങൾ.  ഒരു ചക്രമായി ശ്ലോകം ഇവിടെ കറങ്ങുകയാണു്, അതിനാൽ ചക്രവാളയമകം. 

6. സന്ദഷ്ടയമകം- 4 വരികളുടെയും തുടക്കത്തിൽ രണ്ടക്ഷങ്ങളുടെ ഒരു ഗണം രണ്ടുവട്ടം ആവർത്തിച്ചാൽ സന്ദഷ്ടയമകമായി. ഇത് ഒന്നുകൂടി വിപുലീകരിച്ച് അതേപോലെ വരിയുടെ അവസാനത്തിലും മറ്റൊരു രണ്ടക്ഷരങ്ങളുടെ ഗണം ആവർത്തിക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ കാഞ്ചിയമകമായി  

7. പാദാദിയമകം -  ഒരേ അക്ഷരക്കൂട്ടങ്ങൾ 4 വരികളുടേയും തുടക്കത്തിൽ വെവ്വേറെ അർത്ഥങ്ങളിൽ കൊണ്ടുവരുന്ന രീതി പാദാദി യമകം 

8. അമ്രേഡിതയമകം - 4 വരികളുടെയും അവസാനം രണ്ടക്ഷരങ്ങൾ രണ്ടുവട്ടം ആവർത്തിക്കുന്ന രീതി.  സന്ദഷ്ടയമകം + ആമ്രേഡിതയമകം =  കാഞ്ചിയമകം.

9. ചതുര്‍വ്വ്യവസിതയമകം - പേരു സൂചിപ്പിക്കുന്നതുപോലെ 4 വരികളിലും വ്യവസിതമായി ഒരേ അക്ഷരങ്ങൾ ആവർത്തിക്കുന്ന രീതി.

10. മാലായമകം - ഒരേ വ്യഞ്ജനത്തിൽ സ്വരഭേദം വരുത്തി പലതവണ ആവർത്തിക്കുന്ന രീതി.  ഒരു കണക്കിനു് ഇത് അനുപ്രാസം തന്നെ.

ഭാഷാഭൂഷണത്തിൻ്റെ നിർവചനപ്രകാരം പ്രാസം - യമകം - ലാടം ഇവ മൂന്നും ഏറ്റവും ചുരുക്കി ഇങ്ങനെ നിർവചിക്കാം

ഒരു അക്ഷരം രണ്ടുവാക്കുകളിൽ ആവർത്തിക്കുന്നത് പ്രാസം; ഒരു വാക്ക് രണ്ടുതവണ രണ്ടർത്ഥത്തിൽ ആവർത്തിക്കുന്നത് യമകം; ഒരു വരി തന്നെ അർത്ഥം മാറ്റി ആവർത്തിച്ചാൽ ലാടം

ഭരതമുനിയുടെ യമകനിർവചനമാണു് എടുക്കുന്നതെങ്കിൽ ലാടം അതിൽ ഉൾപ്പെടുന്നതരം യമകമാണു്.

യമകം ചേർത്ത് എഴുതിയ കവിതകൾ അത് എഴുതിയ വൃത്തത്തിൻ്റെ പേരുസഹിതം  താഴെക്കൊടുക്കുന്നു.