ഋജുരേഖ - The Straight Line
ആമുഖം
യാദൃശ്ചികമായി കാളിദാസൻ്റെ ദ്വാദശപ്രാസം കണ്ണിൽപ്പെടുന്നതുവരെ വൃത്തത്തിലുള്ളകവിതയിൽ ദ്വിതീയാക്ഷരപ്രാസം കൊടുത്ത് എഴുതുന്നതാണു് കാവ്യഭംഗിയെന്നു് ഞാൻ വിശ്വസിച്ചുപോന്നിരുന്നു. ദ്വിതീയാക്ഷര പ്രാസത്തിനുമപ്പുറം പ്രാസങ്ങളുണ്ടെന്നുള്ള അറിവും കാളിദാസൻ്റെ അക്ഷരഭംഗിയും അതു് ചമച്ചെടുത്തിട്ടുള്ള പാടവവും എന്നെ വല്ലാതെ ആകർഷിച്ചു.
ആദ്യവായനയിൽ അത്യാകർഷകമെങ്കിലും അസാധ്യമായ കവനമായിട്ടാണു് അതെനിക്കു തോന്നിയത്. അതുപോലെ മറ്റൊരെണ്ണം അതിനുമുമ്പ് ഞാൻ കണ്ടിട്ടില്ലാത്തതിനാലാകാം. അതിനോടുള്ള ആരാധന മൂത്തുമൂത്തു് ഒരെണ്ണം സ്വയം എഴുതാൻ ശ്രമിച്ചാലോ എന്ന തോന്നലും ഉണ്ടായി! വൃത്തത്തിലെഴുതാനറിയാം, ദ്വിതീയാക്ഷരപ്രാസവും കൊടുത്ത് എഴുതിയിട്ടുണ്ടു്, പക്ഷെ ഒരു വരിയ്ക്ക് ഉള്ളിൽത്തന്നെ നിശ്ചിതസ്ഥാനം നോക്കി കൃത്യമായി 3 വട്ടം പ്രാസമൊപ്പിക്കുക എന്നത് എനിക്കു് ഒരു വെല്ലുവിളി തന്നെയായിരുന്നു. ഒരു സാധ്യതാപഠനവും പരീക്ഷണകവനവുമൊക്കെയല്ലെ ആദ്യപടി.
ഒരു DSLR Camera ആദ്യമായി വാങ്ങുന്നവൻ്റെ ഇരകൾ പൊതുവേ പൂക്കളും പൂമ്പാറ്റയുമൊക്കെയാണല്ലോ, കവികൾക്കും ഇക്കാര്യത്തിൽ വ്യത്യാസമൊന്നുമില്ല. ഒരു പൂവിൻ്റെ ചിത്രം ഞാനുമെടുത്തു, എന്നിട്ട് അതിനെ വർണ്ണിച്ചുകൊണ്ട് ഒരു നാലുവരി, അതും ദ്വാദശപ്രാസത്തിൽ, അതായിരുന്നു എൻ്റെയും ആദ്യപരീക്ഷണം!
മല്ലിക എന്ന വൃത്തമാണു് ആദ്യം തെരഞ്ഞെടുത്തത്, അതിത്തിരി എളുപ്പമല്ലേ. എത്രവട്ടം ഒരേ അക്ഷരം ആവർത്തിക്കാനാകുമെന്നെങ്കിലും നോക്കാമല്ലോ.
ത എന്ന അക്ഷരമാണു് പ്രാസത്തിനെടുത്തത്.
ശ്വേതമാർന്നദലങ്ങളും നലമൊത്തു നീർത്തിവിടർത്തിയും
ഊതവർണ്ണമലിഞ്ഞ കേസരതന്തുവുണ്ടതിനുള്ളിലായ്
തന്തുതോറുമിതെന്തു ഭംഗിയിലുണ്ടു തങ്കപരാഗമോ
നേർത്തപൂത്തിരി കോർത്തുവെച്ചതു പൂത്തുനിൽപ്പതു കണ്ടുവോ
അങ്ങനെ വിജയകരമായി എൻ്റെദൗത്യം പരാജയപ്പെട്ടു! എൻ്റെ ദ്വാദശപ്രാസം മൂക്കുംകുത്തിത്താഴെവീണു. ത പലവട്ടം ആവർത്തിക്കാനായിയെങ്കിലും കൃത്യമായ ഇടവേളകളിൽ കൊണ്ടുവരാനായില്ല. എൻ്റെ മനസ്സിലെ ആശയം വൃത്തത്തിലേക്കു മാറ്റാനേ പറ്റുന്നുള്ളൂ, അതിനിടയിൽക്കൂടെ അക്ഷരത്തിൻ്റെ ആവർത്തനംകൂടി നോക്കണം എന്നത് ഒരുവല്ലാത്ത ബുദ്ധിമുട്ടുതന്നെ. എങ്കിലും ആ വീണുകിടക്കുന്ന കിടപ്പിൽ ഞാനൊരു പുനർവിചിന്തനം നടത്തി.
ഇരുചക്രവാഹനം ഓടിക്കാൻ പഠിക്കുന്നവർ എപ്പോഴും അനായാസം ഇടത്തോട്ടും വലത്തോട്ടുമൊക്കെ വളയ്ക്കുകയും തിരിക്കുകയുമൊക്കെ ചെയ്യുമെങ്കികും 8 എന്ന ആകൃതിയിൽ ഒരുപരിമിതസ്ഥലത്തു് കാൽനിലത്തുകുത്താതെ വളയ്ക്കാനും തിരിക്കാനുമൊക്കെ പറഞ്ഞാൽ ആദ്യശ്രമം പലപ്പോഴും പരാജയമായിരിക്കും. എനിക്കും ആയിരുന്നു. പക്ഷെ അത് ഒരുതവണ ചെയ്തുപഠിക്കുന്നതുവരെ മാത്രമല്ലേ. അതുതന്നെയല്ലെ ഇവിടെയും സംഭവിച്ചിരിക്കുന്നത്?
ദ്വാദശത്തിനുമുകളിൽ ഷോഡശം എന്ന 16 അക്ഷരങ്ങളുടെ ഒരു പ്രാസവുംകൂടിയുണ്ടെന്ന അറിവിൽ പിന്നെ എങ്ങനെ ഷോഡശപ്രാസം കൈവരിക്കാം എന്നതായിരുന്നു ചിന്ത. ഏറ്റവും ബുദ്ധിമുട്ടുള്ളത് കൈയ്യെത്തിപ്പിടിച്ചാൽപ്പിന്നെ അതിൽത്താഴെയുള്ളതിനെപ്പറ്റി ആകുലപ്പെടേണ്ടതില്ലല്ലോ. ജയിച്ചാലൊരു നേട്ടം, പരാജയപ്പെട്ടാലും അതൊരു പരാജയമായിപ്പോലും വിചാരിക്കേണ്ടതില്ല, അതിനു ശ്രമിച്ച സാഹസം തന്നെ ഒരു വിജയമല്ലേ.
ഒരുവരി ഒരുദിവസം എന്നതായിരുന്നു തുടക്കം, നാലാം വരി എപ്പോഴും ഒരു പ്രശ്നമാണു്, കാരണം, പ്രാസം വന്നാലും 4 വരികളും തമ്മിൽത്തമ്മിൽ യോജിച്ചുനിൽക്കില്ല. ഏഴോ എട്ടോ ദിവസങ്ങളെടുത്ത് ഒരു 4 വരി ഞാനും തീർത്തു.
അല്പം ബുദ്ധിമുട്ടിയാണെങ്കിലും ഒരുവട്ടം അതൊന്നു് എഴുതിയൊപ്പിക്കുംവരെ എനിക്കും അതൊരു ബാലികേറാമലതന്നെയായിരുന്നു. പക്ഷെ, ഒരു ചക്കവീണപ്പോൾ മുയൽ ചത്തതല്ല എന്ന ഉറപ്പു് എനിക്കും വേണമല്ലോ. എനിക്കിനിയും എഴുതാനാകും എന്നബോധ്യം എനിക്കു വേണമായിരുന്നു. അതിനാൽ വീണ്ടും ശ്ലോകങ്ങൾ എഴുതിച്ചേർത്ത് അതിനെ ഒരു കൊച്ചുകവിതയാക്കി. ഒരുവട്ടം ഒപ്പിച്ചെടുത്തത് പിന്നീടു് ഞാൻ പലവട്ടം പലപല വൃത്തങ്ങളിലായി ആവർത്തിച്ചു. അത്തരം കവിതകളാണു് ഇതിലെ ഉള്ളടക്കം.
ഭാഷാഭൂഷണം വായിച്ച ഏതൊരാൾക്കും അഷ്ടപ്രാസവും ദ്വാദശവും ഷോഡശവുമൊക്കെ അറിവുണ്ടാകും. ഒരു പൊതുധാരണ,
അഷ്ടപ്രാസം - ശാർദ്ദൂലവിക്രീഡിതം
ദ്വാദശപ്രാസം - മത്തേഭം
ഷോഡശപ്രാസം - കുസുമമഞ്ജരി
എന്നായിരിക്കും. കാരണം ഉദാഹരണസഹിതം ഇവ വിവരിച്ചിരിക്കുന്നതു് ഈ വൃത്തങ്ങളിലാണു്. പക്ഷെ ഇവ ഉപയോഗിക്കാൻ കഴിയുന്ന ഒട്ടുമിക്ക വൃത്തങ്ങളിലും ഞാൻ അതൊക്കെ പ്രയോഗിച്ചിട്ടുണ്ടു്. വിശദമായി കാണുവാൻ ഉള്ളടക്കം എന്ന താളിലേയ്ക്കു വരിക.
തരംഗലേഖ
ഒരു സാഹിത്യവിഷയം എന്ന നിലയിൽ വൃത്തമഞ്ജരിയും ഭാഷാഭൂഷണവും പറയുന്നതിനുമപ്പുറം എനിക്കും ഒന്നും പറയാനില്ല, അതൊക്കെത്തന്നെയാണു് ഞാനും ആധാരമായി എടുത്തിരിക്കുന്നതു്. പക്ഷെ വൃത്തത്തേയും പ്രാസത്തേയും ഞാൻ സമീപിക്കുന്ന രീതിയും എൻ്റെ ചിന്താഗതിയും ഗണിതയുക്തിയിലാണു്. എനിക്കു് എളുപ്പം മനസ്സിലാകുന്നതും അതാണു്. ചിലപ്പോൾ നിങ്ങൾക്കും. അത്തരത്തിലുള്ള, പുതിയൊരു വീക്ഷണകോണിലൂടെയുള്ള, വ്യത്യസ്തമായ അനുഭവം ഒരുപക്ഷെ എനിക്കു തരാനായേക്കും. സാഹിത്യമാണെങ്കിലും അവയിലെ കണക്കുകൂട്ടിയെടുക്കലിലൂടെയാണു് എൻ്റെ ചിന്തകൾ എപ്പോഴും പുരോഗമിച്ചിരുന്നതും. വൃത്തമെന്നത് ഒരു താളമാണെന്നു് സാമാന്യമായി മനസ്സിലാക്കിയവരുണ്ടു്. താളം തന്നെ ഒരു ഗണിതമാണു്. ഒരു മാത്രയെ അല്ലെങ്കിൽ സമയത്തെ കൃത്യമായി മുറിക്കുകയല്ലെ താളവും ചെയ്യുന്നതു്.
വൃത്തത്തെയും അതിലെ ഗണക്രമത്തേയും തരംഗലേഖകളായിമാറ്റി (Graph) അവയിലെ പ്രാസങ്ങളടയാളപ്പെടുത്തിയാണു് ഓരോ വൃത്തത്തിലേയും ഓരോ പ്രാസത്തെയും ഞാൻ ഇവിടെ അവതരിപ്പിക്കുന്നതു്. Syntax എന്നത് വൃത്തങ്ങൾക്കാണു് കൂടുതൽ ബാധകമെന്നാണു് എൻ്റെ യുക്തി.
സംസ്കൃതവൃത്തങ്ങളിലെ ഗണക്രമം ഒരു തരംഗലേഖയിലൂടെ അവതരിപ്പിക്കാനൊരു ശ്രമവും കൂടാതെ വൃത്തങ്ങൾ തമ്മിലുള്ള പരസ്പരബന്ധവും സാമ്യവും ദൃശ്യവൽകരിച്ചുകാണിക്കാനും ശ്രമിച്ചിട്ടുണ്ടു്. വായിച്ചുനോക്കുവാൻ വൃത്തതരംഗിണി എന്ന താളിലേയ്ക്ക് ക്ഷണിക്കുന്നു.
ശബ്ദതാരാവലി/നിഘണ്ടു
മലയാളം ശബ്ദതാരവലിയിലെ വാക്കുകളാണു് എൻ്റെ കവിതൾക്കാധാരം. മിക്ക കവിതകളിലും പദപരിചയം എന്ന ഒരു വിഭാഗം പ്രത്യേകം ചേർത്തിട്ടുണ്ടു്. ഓളം Online Dictionary നോക്കിയാലും മിക്കതിൻ്റെയും അർത്ഥം കിട്ടും. അത്യപൂർവമായി ചിമ്പാകം = ചെമ്പകം എന്നിങ്ങനെയുള്ള ഏതാനും വാക്കുകൾ മാത്രമേ ശബ്ദതാരാവലിയിൽ മാത്രമുള്ളതായിട്ടുള്ളൂ.
പ്രാസം ആവശ്യപ്പെടുന്നിടങ്ങളിലൊക്കെ അധികം കേട്ടുപരിചയമില്ലാത്ത വാക്കുകൾ കണ്ടേക്കാം. മനപ്പൂർവം ചെയ്യുന്നതല്ല, എൻ്റെ ലക്ഷ്യം വൃത്തഘടനയിലൊതുങ്ങുന്നതും, ഒരു പ്രത്യേക അക്ഷരം വരുന്നതും അർത്ഥം കൊണ്ടു് യോജിക്കുന്നതുമായ വാക്കുകളാണു്. അവിടെ ശബ്ദസുന്ദരമായ വാക്കുകൾ വേണ്ടെന്നുവെയ്ക്കുന്നതിനു് കവിത ദുർഗ്രാഹ്യമാകുന്നുവെന്ന മറുഭാഗം ഞാൻ കണക്കെലെടുത്തിരുന്നില്ല, പ്രത്യേകിച്ചും പദപരിചയം ചേർത്തിട്ടുള്ളതിനാൽ. അല്പമെങ്കിലും ക്ഷമ കാണിക്കുന്നവർക്ക് അത് ഗ്രാഹ്യമാകുമല്ലോ. മറ്റൊരു കാര്യം, ഏതു കഠിനപദപ്രയോഗവും അടുപ്പിച്ച് പത്തുകവികൾ എഴുതിയത് നിങ്ങൾ വായിച്ചുവെങ്കിൽ അത് വെറും ഒരു സാധാരണ പദപ്രയോഗമായി മാറിയില്ലേ? അങ്ങനെ വരുമ്പോൾ ദുർഗ്രാഹ്യപദപ്രയോഗമെന്നത് തികച്ചും ആപേക്ഷികമല്ലേ?
ഒട്ടുമിക്ക വീടുകളിലും കാണും തീന്മേശയ്ക്കുസമീപം ഒരു അലമാരിയും അതിൽ അന്നുവരെ ആ വീട്ടിലെ കുടുംബനാഥനടക്കം ആരും അതുവരെ ഭക്ഷണം കഴിക്കാനെടുത്തിട്ടില്ലാത്ത വിലകൂടിയ കുപ്പിയും കിണ്ണങ്ങളും പിഞ്ഞാണങ്ങളുമൊക്കെ. ഇനിയും വന്നിട്ടില്ലാത്തതും ഇനിവരാനിരിക്കുന്നതും എപ്പോൾ വരുമെന്ന് അറിയാത്തതുമായ ഏതോ ഒരു അജ്ഞാത അതിഥിയ്ക്കുവേണ്ടി അവയെന്നും അലമാരിക്കകത്തിരിപ്പാണു്. ഒടുക്കം ചിലപ്പോൾ തുടയ്ക്കാനെടുക്കുമ്പോൾ കൈയ്യിൽ നിന്നും വീണുപൊട്ടിയോ മറ്റോ അവയുടെ കാലവും കഴിഞ്ഞേക്കാം. നമ്മുടെ നിഘണ്ടുവിലെ നല്ലനല്ലവാക്കുകൾക്ക് അത്തരമൊരു അവസ്ഥ വേണോ?
ഒരു ഭാഷ വളർന്നുവരുന്നത് അതിൻ്റെ പദസഞ്ചയം വളർത്തിയിട്ടാണെന്നാണു് ഞാൻ മനസ്സിലാക്കുന്നത്. ഉപയോഗിക്കപ്പെടാത്ത വാക്കുകൾ ഭാവിയിൽ നീക്കം ചെയ്യപ്പെട്ടേക്കാം, അതിനാൽ അതിൽനിന്നും ശ്രവണസുന്ദരമായതൊക്കെ ഒഴിവാക്കപ്പെടും മുമ്പ് അല്പസ്വല്പം ഞാനൊന്നെടുത്തുപയോഗിച്ചുകൊള്ളട്ടെ. കഠിനപദപ്രയോഗം ഇതിനാൽ ഞാൻ ന്യായീകരിക്കുന്നു.
ഓരോ കവിതയും അത് എഴുതിയ വൃത്തത്തിൻ്റെ പേരും ഉപയോഗിച്ചിട്ടുള്ള പ്രാസവും സഹിതം ഉള്ളടക്കം എന്ന താളിലുണ്ടു്. അതാത് കവിതയുടെ പേരിൽനിന്നും കവിതയുടെ താളിലേക്ക് കണ്ണിചേർത്തിട്ടുമുണ്ടു്.
കൂടാതെ പ്രാസങ്ങൾക്ക് എൻ്റെ ആഖ്യാനരീതിയിലുള്ള ഒരു വിവരണവും കാണാം. ഭാഷാഭൂഷണത്തിൽ പറഞ്ഞതിനുമപ്പുറം 20 അക്ഷരങ്ങളുടെ ഒരു വിംശതിപ്രാസത്തിനുകൂടി മലയാളത്തിൽ ഞാനൊരിടം കാണുന്നുണ്ടു്. ചിത്രങ്ങളിൽ നാഗബന്ധം എന്നതിൻ്റെ വിശദവ്യാഖ്യാനവും ഭാഷാഭൂഷണത്തിനു പുറമേ ഇതരദേശങ്ങളിൽ പ്രചാരമുള്ളതരം ബന്ധനവും ചിത്രസഹിതം വിവരിച്ചിട്ടുണ്ടു്.
കൂടുതൽ വായനയ്ക്ക് ഉൾപേജുകളിലേയ്ക്കു് സാദരം ക്ഷണിക്കുന്നു. താളുകളിൽ ഊളയിട്ടലയാൻ വിഷയവിവരപ്പട്ടിക മുകളിൽകൊടുത്തിരിക്കുന്നത് ഉപയോഗിക്കാവുന്നതാണു്.