ചിത്രം എന്ന ഒരു അലങ്കാരമുണ്ട്, അതിൻ്റെ ഭാഗമായി പലവിധ ചിത്രബന്ധങ്ങളും ഉണ്ട്. കവി ഒരുചിത്രം ചമച്ച് തൻ്റെ കവിത ആ ചിത്രത്തിന്റെ ആകൃതിയിൽ കൊണ്ടുവരുന്നതാണ് ചിത്രബന്ധം. ഇത് പലപ്രകാരമുണ്ട്, താമരയുടെരൂപം കൊണ്ടുവന്നാൽ പദ്മബന്ധം, വില്ലാണെങ്കിൽ ധനുർബന്ധം, ചക്രത്തിൻ്റെ ആകൃതിയിലുള്ളത് രഥചക്ര ബന്ധം, കലപ്പയുടെ ചിത്രമെങ്കിൽ ഹലബന്ധം എന്നിങ്ങനെ. ഇതിൽപ്പെട്ട ഒന്നാണ് നാഗബന്ധം അഥവാ സർപ്പബന്ധം . നാഗബന്ധം ഒറ്റയും ഇരട്ടയുമായി രണ്ടുവിധമുണ്ട്. ഒറ്റയിൽ ഒരു നാഗമേയുള്ളൂ. ഇരട്ടയിൽ അത് രണ്ട് നാഗങ്ങളാണ്. ഒറ്റയിൽ 20ഉം 21ഉം ബന്ധനങ്ങളുള്ളതുണ്ട്. ഇരട്ടയിൽ 21 ബന്ധങ്ങളുള്ള ഒരു ചിത്രമേയുള്ളൂ. ഭാഷാഭൂഷണം ഇതിനെ അവതരിപ്പിക്കുന്നത് ഇരട്ടയിലാണ്. അതാണ് ഇവിടെയും വിശദീകരിക്കാനെടുക്കുന്നത്.

കെട്ടുപിണഞ്ഞു കിടന്ന് മുഖാമുഖം നോക്കി നിൽക്കുന്ന രണ്ട് സർപ്പങ്ങളാണ് ഇവിടെ ചിത്രം. ഇടത്തെ സർപ്പത്തിൻ്റെ തലയിൽനിന്നും ശ്ലോകം ആരംഭിച്ചാൽ ചുറ്റിക്കറങ്ങി അതിൻ്റെ വാൽഭാഗത്ത് എത്തുമ്പോൾ രണ്ടാമത്തെവരി അവസാനിക്കുന്നു. തുടർന്ന് മൂന്നാംവരി തുടങ്ങുമ്പോൾ അടുത്ത സർപ്പത്തിൻ്റെ വാലിലൂടെ കയറി നാലാംവരി തീരുമ്പോൾ അതിൻ്റെ തലഭാഗത്തേക്ക് എത്തുന്നു. ഇതിനിടെ സർപ്പങ്ങൾ 21 വട്ടം ചുറ്റിപ്പിണയുന്നുണ്ട്. ഈ ചുറ്റലിൽ അവയുടെ ദേഹം എവിടെയെല്ലാം കൂട്ടിമുട്ടുന്നുവോ അവിടെയെല്ലാമുള്ള അക്ഷരം അതേപടി ആവർത്തിക്കേണ്ടി വരും.

കുറച്ച് കൂടെ വ്യക്തതയ്ക്ക് പട്ടിക കാണുക

എഴുതേണ്ടത് സ്രഗ്ദ്ധര എന്ന വൃത്തത്തിലാണ്. അപ്പോൾ ഒന്നാം വരിയിലെ രണ്ടാമത്തെ അക്ഷരം ഗുരു ആയിരിക്കും, ഇതേ അക്ഷരം നാലാം വരിയിലെ ഇരുപതാമത്തെ അക്ഷരമായി ആവർത്തിക്കണം. ഇതും ഗുരുവാണ്. അതേസമയം, ഒന്നാം വരിയിലെ നാലാം സ്ഥാനത്തുള്ള ഗുരു അതേപോലെ രണ്ടാം വരിയിലെ ഒൻപതാം സ്ഥാനത്തുള്ള ലഘുവായി മാറണം. ഒന്നാം വരിയിലെ എട്ടാമത്തെ അക്ഷരം ലഘുവാണെങ്കിൽ ഇത് രണ്ടാംവരിയിലെ പതിനേഴാം സ്ഥാനത്തുള്ള ഗുരുവായി വരേണ്ടതുണ്ട്. അതായത്, കൂട്ടക്ഷരങ്ങളിലൂടെ മാത്രമേ ഇവിടെ ഗുരു കൊണ്ടുവരാനാകൂ. ഇത്തരത്തിലുള്ള 21 നിബന്ധനകളാണ് മേലേ കൊടുത്തിരിക്കുന്നത്.

ഒന്നിടവിട്ടുള്ള അക്ഷരങ്ങൾക്ക് ഈ നിബന്ധനയുണ്ടെന്നു കാണാം. സ്രഗ്ദ്ധരയ്ക്ക് ഒരുവരിയിൽ 21 അക്ഷരങ്ങളാണ്. ഇവിടെയാണെങ്കിൽ 21 നിബന്ധനകളും.4 വരി എഴുതുമ്പോൾ മൊത്തം 84 അക്ഷരങ്ങളുണ്ടാകും, അതിൽ 42 അക്ഷരങ്ങൾ ഈ നിബന്ധന പ്രകാരവുമായിരിക്കും.അപ്പോൾ ബാക്കി 42 അക്ഷരങ്ങളെ നമുക്ക് ഇഷ്ടാനുസാരം ഉപയോഗിക്കാനാകൂ. ഒരു വരിയിലെ ഒരു അക്ഷരം മറ്റൊരു വരിയിലെ അക്ഷരത്തെ നിർണ്ണയിക്കുന്നതിനാൽ അവയെ യഥാക്രമം നിർണ്ണയം എന്നും പരാശ്രയം എന്നും വിളിക്കാം.

ഒന്നാമത്തെ വരിയിലെ രണ്ടാമത്തെ അക്ഷരം എഴുതുമ്പോഴേ അവസാന വരിയിലെ അവസാനത്തേതിന് തൊട്ടു മുമ്പത്തെ അക്ഷരം നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞു. ഈ രീതിയിൽ ഒന്നാംവരിയിൽ 9 അക്ഷരങ്ങൾ മറ്റു വരികളിലെ അക്ഷരങ്ങൾ നിര്ണയിക്കുമ്പോൾ അതിൽ ഒരു അക്ഷരം മാത്രം പരാശ്രയമാണ്. അതേ സമയം നാലാം വരിയിൽ നേരെ തിരിച്ച് 9 അക്ഷരങ്ങൾ പരാശ്രയവും വെറും ഒരു അക്ഷരം മാത്രം നിർണ്ണയവുമാണ്. ഒരു വിപരീതബന്ധം ഇവ തമ്മിലുണ്ടെന്നു കാണാം. നാഗ ബന്ധം ( സർപ്പ ബന്ധം ) മറ്റു പദബന്ധങ്ങളെ അപേക്ഷിച്ച് സങ്കീർണ്ണമാകുന്നത് ഇതിനാലാണ്.

ഭാഷാ സാഹിത്യത്തിൻ്റെ ഔന്നത്യമാണ് നമ്മളിവിടെ കാണുന്നത്. പൂർവസൂരികളുടെ ചിന്തയും ഭാവനയും കേവലം വൃത്തരചനയിൽ മാത്രം ഒതുങ്ങിയിരുന്നില്ല എന്ന് കാണാം. സ്രഗ്ദ്ധരയിൽ പലവിധ പദ്യങ്ങളും ഉണ്ടെങ്കിലും അതിനകത്ത് ഇത്തരമൊരു ചിത്രം ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയ അവരുടെ വിജ്ഞാനകുതുകം എടുത്ത് പറയേണ്ടതാണ്. പണ്ട് അക്ഷരലക്ഷം സമ്മാനമായിരുന്നല്ലോ, അതായത് മഹത്തരമായി വാഴ്ത്തപ്പെട്ട പദ്യത്തിലെ മഹത്തരമായ ഓരോ അക്ഷരത്തിനും ലക്ഷം നാണയം സമ്മാനം . അപ്പോൾ ഇതും ഇതിനപ്പുറവുമൊക്കെ അവർ കണ്ടുപിടിച്ചില്ലെങ്കിലേയുള്ളൂ.

എൻ്റെ പൂരണങ്ങൾ സ്രഗ്ദ്ധരാ സാഹസങ്ങൾ എന്ന പേരിൽ ചേർത്തിട്ടുണ്ടു്.